Monday 2 January 2012

അൽ‌പ്പം വ്യത്യസ്തമായ ഒരു ന്യൂ ഇയർ ആഘോഷം...

കുട്ടികൾ സമ്മാനിച്ച റോസാപ്പൂവ്

ഒരു വർഷം മുമ്പൊരു ക്രിസ്മസ് സീസണിൽ ആദ്യമായി അവരെ കണ്ടു തിരിച്ചു വന്ന അന്നു മുതൽ വീണ്ടും കാണാനാകുന്ന ഒരു നിമിഷത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നെന്നേയ്ക്കും ഓർമ്മിക്കാൻ എനിക്കൊരു ക്രിസ്മസ് തന്നത് അവരായിരുന്നു. അതുകൊണ്ടു തന്നെയാകണം കഴിഞ്ഞ ക്രിസ്മസിനു അവരെ കാണാൻ കഴിയാതിരുന്നതിൽ മനസ്സിലൊരു ചെറിയ വേദന അനുഭവപ്പെട്ടിരുന്നത്. എന്നിരുന്നാലും ഒരു വർഷം മുമ്പ് എന്റെ മനസ്സു നിറച്ച ആ നല്ല ഓർമ്മകളിലേക്ക് ഞാൻ ഒന്നു തിരിച്ചുപോകാൻ ശ്രമിച്ചു. ആരുടെയും മുഖം എനിക്കോർത്തെടുക്കാനായില്ലെങ്കിലും ചില പേരുകൾ ഞാൻ ഓർത്തു. അന്നവർ സമ്മാനിച്ച ഒരു ചുവന്ന റോസാപ്പൂവ് ഇന്നും ഞാൻ സൂക്ഷിച്ചെടുത്തുവെച്ചിട്ടുണ്ട്. അതെടുത്ത് നോക്കി ഓർമ്മ പുതുക്കി, അവർക്കു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ ക്രിസ്മസ് കഴിഞ്ഞുപോയി.

ഇന്നലെ , ഒരു പുതുവർഷസമ്മാനം എന്ന പോലെ വീണ്ടും അവരെ കാണാൻ എനിക്കവസരം ലഭിച്ചു. ഒന്നു കൂടെ അവിടെ പോകണം, അവരെയൊക്കെ കാണണം എന്ന എന്റെ മനസ്സിലുണ്ടായിരുന്ന ശക്തമായ ആ ആഗ്രഹത്തിന്റെ ഫലമായി തന്നെയാകണം പുതുവർഷത്തിലെ ആദ്യ ദിവസം തന്നെ എനിക്കവിടെ എത്താൻ കഴിഞ്ഞത്. വളരെ അപൂർവ്വമായി മാത്രം അവർക്കു ലഭിച്ചിരുന്ന സമ്മാനങ്ങളുമായുള്ള ഞങ്ങളുടെ വരവിൽ അവർ വളരെ സന്തോഷമുള്ളവരായി കാണപ്പെട്ടു. അവർ ഞങ്ങൾക്കു വേണ്ടി കുറേ പാട്ടുകൾ പാടി, പ്രാർത്ഥിച്ചു. അവരുടെ നേട്ടങ്ങളൊക്കെ ഞങ്ങളുമായി പങ്കുവെച്ചു.

കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇപ്രാവശ്യം അവരുടെ അംഗസംഖ്യ കൂടിയിരിക്കുന്നു. 23 പേരുണ്ടായിരുന്നത് ഇപ്പോൾ 44 ആണെന്ന് അവിടെയുള്ളവർ ഞങ്ങളെ ഓർമ്മപ്പെടുത്തി. ഞങ്ങൾ എല്ലാവരേയും നോക്കി ഞങ്ങൾക്ക് വേണ്ടി അവിടെ ഒരുക്കിയിരുന്ന കസേരകളിൽ ഇരുന്നു. ഞങ്ങൾക്കു എതിരെ നിലത്തു വിരിച്ചിട്ട പായിൽ അവരും. കുറേയൊക്കെ പരിചയമുള്ള മുഖങ്ങൾ, കഴിഞ്ഞ വട്ടം കണ്ട ഓർമ്മയുണ്ട്. എന്നാൽ ഏറെയും പുതിയ കുട്ടികൾ. കഴിഞ്ഞ വർഷം ഗിറ്റാർ വായിച്ച മിടുക്കനായ ഒരു കുട്ടിയെപറ്റി ആയിരുന്നു ഞങ്ങൾക്കറിയേണ്ടത്. ആ കുട്ടി പോയതും നാട്ടിൽ പഠിക്കുകയാണെന്നുമൊക്കെ മറ്റൊരു കുട്ടി പറഞ്ഞു. അതു പറഞ്ഞു മുഴുവനാക്കാൻ കുറച്ചു കഷ്ടപ്പെടുന്നതു പോലെയോ വാക്കുകൾ ഇടയ്ക്ക് കിട്ടാതെ വരുന്ന പോലെയോ ആ കുട്ടിയുടെ മുഖത്തു നോക്കിയിരുന്ന എനിക്കു തോന്നി. പിന്നെ ഞങ്ങൾക്കവരുമായി സംവദിക്കാനുള്ള ഊഴമായിരുന്നു.

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നിങ്ങളെന്തു ചെയ്യും എന്നു ഞങ്ങളിൽ നിന്നാരോ ചോദിച്ചപ്പോൾ അവർ ഒരേ സ്വരത്തിൽ പറഞ്ഞ ഉത്തരം എന്നെ ഞെട്ടിച്ചു. “ഞങ്ങൾ ശനിയാഴ്ചകളിൽ ഉപവാസമിരുന്ന് പ്രാർത്ഥിക്കും.“ പ്രാർത്ഥിക്കാൻ വേണ്ടിയല്ല, അവർ പട്ടിണി കിടക്കുകയാണ് എന്ന ഉറപ്പ് എനിക്കുള്ളതു കൊണ്ടായിരിക്കണം ആ ഉത്തരം കുറച്ചു നേരം എന്റെ ചെവികളിൽ മുഴങ്ങി നിന്നു. L.K.G, U.K.G എന്നീ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ പോലും എല്ലാ ശനിയാഴ്ചകളിലും പട്ടിണിയിരിക്കും എന്നെനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നി. അവർക്ക് ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കിട്ടിയതും എല്ലാവരും നല്ല പോലെ പഠിക്കുന്നവരാണെന്നും മറ്റു പല സർഗശേഷികളും ഉള്ളവർ അക്കൂട്ടത്തിലുണ്ടെന്നും നേരത്തെ തന്നെ അവിടെയുള്ളവർ പറഞ്ഞതോർത്ത് ഞങ്ങൾ അവരുടെ സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചു. ആർക്കൊക്കെ വലിയ ഫുട്ബോളറാകണം, പാട്ടുകാരനാകണം അല്ലെങ്കിൽ എന്തെങ്കിലും വേണം എന്ന ആഗ്രഹങ്ങളുള്ളവരുണ്ടെന്ന എന്റെ ചോദ്യത്തിനു അവർ മൌനം പാലിച്ചു. അല്ലെങ്കിലും നമ്മളെപ്പോലെ ആഗ്രഹിക്കാൻ അവർക്ക് കഴിയില്ല എന്നെനിക്കറിയാമായിരുന്നു. എങ്കിലും അവരുടെ ആവശ്യങ്ങൾ അറിയാൻ വേണ്ടിയായിരുന്നു ഞാൻ ആ ചോദ്യം അപ്പോൾ ചോദിച്ചത്. ഇതേ ചോദ്യം അവർ എന്നോട് തിരിച്ചു ചോദിക്കാതിരിക്കട്ടെ എന്നും ഞാൻ പിന്നെ കരുതി. പിന്നെ ഒരു കുട്ടിയോട് ഗിറ്റാർ പ്ലെയ് ചെയ്യാൻ ഞങ്ങളിൽ നിന്നൊരാൾ ആവശ്യപ്പെട്ടതു പ്രകാരം അതും ഭംഗിയായി അവർ ചെയ്തു.

അവർക്കു മറ്റെന്തെങ്കിലും ഞങ്ങളോട് പറയാനുണ്ടോ എന്നായിരുന്നു ഇനി അറിയേണ്ടത്. അടുത്ത കൊല്ലവും ഇതു പോലെ അവരെ കാണാൻ ഞങ്ങൾ ചെല്ലുമോ എന്നൊരു കുട്ടി ചോദിച്ചു. ഞങ്ങൾ ഒഴിവു പറയുമെന്ന് ഭയന്നിട്ടൊ എന്തോ, സമയമുണ്ടെങ്കിൽ വരണം എന്നു കൂടി അപ്പോൾ തന്നെ അവൻ കൂട്ടിച്ചേർത്തു. അധികം കുട്ടികളും സംസാരിക്കാതിരിക്കുന്നതു കൊണ്ട് ഞങ്ങൾ അവരുടെ ഇടയിൽ ചെന്നു ഓരോരുത്തരോടോ അല്ലെങ്കിൽ കുറച്ചുപേരോടൊരുമിച്ചോ വല്ലതും ചോദിച്ചാൽ അവർ കുറച്ചു കൂടി ഫ്രീയായി സംസാരിക്കുമെന്നു തോന്നി ഞങ്ങൾ അവരുടെ ഇടയിലേക്കിറങ്ങി. അപ്പോഴേക്കും എല്ലാവരും ചുറ്റും കൂടി. 2-3 ഗ്രൂപ്പുകളൊക്കെയുണ്ടായിരുന്നു. എനിക്കു ചുറ്റും ആൺകുട്ടികളുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു. എന്നെ കഴിഞ്ഞപ്രാവശ്യം കണ്ടതവർക്കോർമ്മയുണ്ടെന്ന് ചിലർ പറഞ്ഞു. പിന്നെ പലരും കുറേ ചോദ്യങ്ങൾ ചോദിച്ചു. അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു. എന്റെ സ്ഥലം, ജോലി, ഇഷ്ടങ്ങൾ ഇവയൊക്കെ അന്വേഷിച്ചു. അങ്കിളിനിഷ്ടപ്പെട്ട ഫുഡ് ഏതാ എന്ന ചോദ്യത്തിനുത്തരം പറയാൻ വരെ എനിക്കൊന്നാലോചിക്കേണ്ടി വന്നു. ബിരിയാണി എന്ന് ഉത്തരം പറയാനൊരുങ്ങുമ്പോഴും എന്റെ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.. എന്റെ ചുറ്റുമുള്ളവർ എല്ലാവരും ബിരിയാണി എന്താണെന്നറിയുന്നവരായിരിക്കണം. ഒരിക്കലെങ്കിലും അവർ അതു കഴിച്ചിട്ടുണ്ടാകണം. അവരിൽ നിന്നു തന്നെ ആരോ അപ്പോഴേക്കും പറഞ്ഞതിന്റെ കൂടെ ഞാനും ബിരിയാണി പറഞ്ഞു. ബാക്കിയുള്ളവരും അതു തന്നെ ആവർത്തിച്ചു. പിന്നെ ഏറെയും എനിക്കായിരുന്നു അവരോട് ചോദിക്കാനുണ്ടായിരുന്നത്. അവരുടെ ജീവിതരീതികളെ പറ്റിയെല്ലാം. എല്ലാവരും രാവിലെ 4:30യ്ക്ക് എഴുന്നേൽക്കുമെന്നും 5 മണി മുതൽ 6 മണി വരെ പ്രാർത്ഥിക്കുമെന്നും എല്ലാം ഞാൻ മനസ്സിലാക്കി. അപ്പോഴേക്കും ഭക്ഷണം കഴിക്കുന്ന സമയമായിട്ടുണ്ടായിരുന്നു. പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി വന്നു വട്ടമിട്ടിരുന്നു, ഞങ്ങൾക്ക് വിളമ്പാൻ തുടങ്ങി. 4 മുതൽ 14 വരെ വയസ്സുള്ള കുട്ടികളുണ്ടായിരുന്നതിനാൽ ഓരോരുത്തരുടെയും മുഖത്തു നോക്കിയും അവരോട് ചോദിച്ചും ഞാൻ അവരുടെ പ്ലേറ്റുകളിലേക്ക് ഭക്ഷണം വിളമ്പി. അവരുടെ അടുത്ത് ശ്രദ്ധിച്ചു കൊണ്ടു നിന്നു. അപ്പോഴേക്കും ഞങ്ങൾക്കുള്ള ഭക്ഷണം എടുത്തു വെച്ചു കഴിക്കാൻ ക്ഷണിച്ചു. പിന്നെ പതുക്കെ അവരുടെ അന്നത്തെ സ്പെഷ്യൽ നെയ്ച്ചോറും കോഴിക്കറിയും ഞങ്ങളും കഴിച്ചു. അപ്പോഴേക്കും കുട്ടികളൊക്കെ കഴിച്ചു കഴിഞ്ഞു പുറത്തേക്കോടുന്നുണ്ടായിരുന്നു.

ഭക്ഷണശേഷം പുറത്തിറങ്ങി അവരുടെ കളികളൊക്കെ കണ്ടും ഫോട്ടോസ് എടുത്തുമായി ഞങ്ങൾ സമയം ചിലവഴിച്ചു. അവരോടൊപ്പം കളിക്കാൻ നാലു പൂച്ചക്കുട്ടികളുമുണ്ടായിരുന്നു. അവയേയും എടുത്ത് അവർ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്തും എടുത്ത ഫോട്ടോസ് കാണാൻ വന്നുമായി അവർ തുടർന്നു. വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾക്ക് പോകാറായിരുന്നു. എല്ലാം കണ്ടു മനസ്സുനിറഞ്ഞ് അവസാനം ഞങ്ങൾ അവരോടെല്ലാം യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി.

=================================================================
 അവരിൽ ഏറെയും മണിപ്പൂർ നിന്നുള്ള കുട്ടികൾ. നാട്ടിൽ നിന്നാൽ തങ്ങളുടെ മക്കൾ വഴിതെറ്റിപ്പോകുമെന്ന ഭയത്താൽ മണിപ്പൂർ നിന്നും വളർത്താൻ വേണ്ടി അയച്ചിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. നോക്കാൻ കഴിവില്ലാത്തതു കൊണ്ട് അച്ഛനമ്മമാർ ഉപേക്ഷിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എങ്ങിനെയോ അവിടെ എത്തിപ്പെടുന്ന അനാഥരായ കുട്ടികളായിരുന്നു ബാക്കിയുള്ളവർ. പേരു പോലുമില്ലാത്ത ഒരു അഗതി മന്ദിരം. ഒരു സാധുവും അദ്ദേഹത്തിന്റെ ഭാര്യയും കൂടി നോക്കി നടത്തുന്നു. സഹായത്തിനു ചില സുഹൃത്തുക്കൾ. മറ്റു വരുമാനമൊന്നുമില്ലത്രെ. കൂട്ടുകാർ വഴിയോ അല്ലാതെയോ ആരെങ്കിലും അറിഞ്ഞുവന്നും സഹായിച്ചും ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചും അവരെല്ലാം ജീവിക്കുന്നു. ചിലപ്പോഴൊക്കെ ആഴ്ചയിൽ ഒന്നിലേറെ ദിവസം അവർ ഉപവസിക്കുന്നുണ്ടായിരിക്കും.

Thursday 27 October 2011

എന്റെ അ(നാ)വശ്യ തിരക്കഥകൾ - 1

ടെൻഷൻ
                                                     സീൻ 1
                                                     =====
വേദി: നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓ.പി. വിഭാഗം.
കഥാപാത്രങ്ങൾ: കുട്ടി, അമ്മ, രാഘവൻ ചേട്ടൻ, ഭാര്യ രാധച്ചേച്ചി, മറ്റു രോഗികൾ, നഴ്സ്, ഡോക്ടർ

(ഡോക്ടറെ കാണാനായി അക്ഷമരായി കാത്തിരിക്കുന്ന രോഗികൾ)

കുട്ടിയെ തോളിലിട്ടുകൊണ്ടു നടന്നു വന്ന അമ്മ ഒഴിഞ്ഞുകിടന്ന കസേരയിൽ ഇരിക്കുന്നു.

അമ്മ: (അടുത്തിരുന്ന രാധചേച്ചിയോട്) എത്രാമത്തെ നമ്പറായി?

രാധച്ചേച്ചി: (അല്പം ദേഷ്യത്തോടെ) അതിനു ഡോക്ടർ വന്നാലല്ലേ..

അമ്മ: അപ്പൊ ഇതുവരെ ഡോക്ടർ വന്നില്ലെ? കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴുമതെ ഇയാൾ വൈകിയാ വന്നെ.

(രാധച്ചേച്ചി പിറകിലേക്കു തിരിഞ്ഞു നോക്കിക്കൊണ്ട് എഴുന്നേല്ക്കുന്നു. തന്റെ കയ്യിലുണ്ടായിരുന്ന കുട കസേരയിൽ വെച്ചുകൊണ്ട് ഇപ്പൊ വരാമെന്നും പറഞ്ഞ് എങ്ങോട്ടൊ നടക്കുന്നു.)

(അലക്ഷ്യമായി അങ്ങ​‍ാട്ടും ഇങ്ങോട്ടും നോക്കിക്കൊണ്ടിരിക്കുന്ന, ഏകദേശം രണ്ട്-രണ്ടര വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ നിഷ്കളങ്കമായ മുഖം സ്ക്രീനിൽ)

കുട്ടി: (ചിണുങ്ങിക്കൊണ്ട്) വേദന ഇട്ക്ക്ണമ്മേ...

അമ്മ: രാവിലെന്നെ ചോക്ളേറ്റ് തിന്നുമ്പൊ നിന്നോട് ഞാൻ പറഞ്ഞതല്ലേ വയറുവേദന വരൂംന്ന്.

കുട്ടി: ഇതതൊന്നല്ല. ഇന്നലേം വേദനണ്ടാർന്നല്ലോ, ചോക്ളേറ്റൊന്നും തിന്നാണ്ടെന്നെ!!

(അവിടവിടെയായി ഇരുന്ന് ഉറങ്ങിയും പത്രം വായിച്ചും മൊബൈൽ ഫോണിൽ എന്തെങ്കിലും ചെയ്തും സമയം കളയുന്ന രോഗികൾക്കിടയിലൂടെ തിരക്കിട്ട് റൂമിലേക്ക് കയറിപ്പോകുന്ന ഡോക്ടർ. ഡോക്ടർക്ക് പിറകെയായി അകത്തേക്ക് നടക്കുന്ന നഴ്സ്.)

(അല്പം സമയം കഴിഞ്ഞു പുറത്തേക്ക് വന്ന നഴ്സ് നമ്പർ വിളിക്കാൻ തുടങ്ങുന്നു.)

നഴ്സ്: നമ്പർ 1 (ആരും എഴുന്നേല്ക്കുന്നില്ല)

(നഴ്സ് വീണ്ടും ഉറക്കെ നമ്പർ വിളിക്കുന്നു)

നഴ്സ്: നമ്പർ ഒന്ന് വന്നിട്ടുണ്ടോ?

(മൂന്നാമത്തെ വരിയിൽ ഇരുന്ന് ഉറങ്ങിക്കൊണ്ടിരുന്ന രാഘവൻ ചേട്ടൻ പെട്ടെന്ന് എഴുന്നേല്ക്കുന്നു. ആരെയോ തിരയുന്നു. നേരെ എഴുന്നേറ്റ് നഴ്സിനടുത്തേക്ക് നടക്കുന്നു)

രാ. ചേട്ടൻ: ആ.. ഒന്ന്.

ന്ഴ്സ്: (ചിരിച്ചു കൊണ്ട്) ഒന്ന് വാ...

(അപ്പോഴേക്കും ദൂരെ നിന്ന് ചായയും കുടിച്ചു കൊണ്ടു വരുന്ന രാധച്ചേച്ചി. രാഘവൻ ചേട്ടൻ വേഗം വരാൻ ചേച്ചിയോട് കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു)

രാധച്ചേച്ചി: കേറിക്കോ.. ഞാൻ വരുന്നു.

(രാധച്ചേച്ചിയെ ഒന്നു തുറിച്ചു നോക്കിയ ശേഷം രാഘവൻ ചേട്ടൻ ഡോക്ടറുടെ മുറിയിലേക്ക് കയറിപ്പോകുന്നു.)
(കയ്യിലുണ്ടായിരുന്ന ചായഗ്ളാസ്സ് അടുത്തിരുന്ന കുപ്പയിലിട്ട് കസേരയിൽ നിന്നും കുടയും എടുത്ത് ധൃതിയിൽ അകത്തു പ്രവേശിക്കുന്ന രാധച്ചേച്ചി)


                                                     സീൻ 2
                                                     =====
വേദി: ആശുപത്രി റിസപ്ഷൻ.
കഥാപാത്രങ്ങൾ: രാഘവൻ ചേട്ടൻ, രാധച്ചേച്ചി, കുട്ടി, അമ്മ

(അവിടെ കിടന്നിരുന്ന ബോർഡിൽ ഡോക്ടർമാരുടെ ലിസ്റ്റ് നോക്കിക്കൊണ്ടിരിക്കുന്ന രാധച്ചേച്ചി. കൂടെ രാഘവൻ ചേട്ടനും)

രാ.ചേട്ടൻ: ഞാൻ പോയി ഒരു ചായ കുടിച്ചിട്ട് വരാം.

ഭാര്യ: ഇതൊന്നു നോക്കട്ടെ. ഇവിടെതന്നെ ആരെങ്കിലുമുണ്ടെങ്കിൽ ഇന്ന് തന്നെ നമുക്ക് ബുക്ക് ചെയ്തിട്ട് പോകാം.

രാ.ചേട്ടൻ: ഓ.. നീ എന്നെ ഉറക്കിക്കെടുത്തി ചായ കുടിക്കാൻ പോയതാണല്ലൊ അല്ലേ..? എന്തായാലും എനിക്കാരേം കാണണ്ട. എനിക്കൊരു ടെൻഷനുമില്ല.

രാധച്ചേച്ചി: വെർതേ വെല്ലോം പറയാതെ. ഈ ഉറക്കം നിങ്ങൾക്കെവിടെ ചെന്നാലും ഉള്ളതല്ലേ.. നടക്ക്. ഇനി ഇവിടെ നിന്നുറങ്ങിയിട്ട് ചായ കുടിക്കാത്തതോണ്ടാണെന്നു പറയണ്ട.

(രാധച്ചേച്ച്ചിയും രാഘവൻ ചേട്ടനും കാന്റീൻ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങുന്നു. ബോർഡിനടുത്തേക്ക് വരുന്ന അമ്മയേയും കുട്ടിയേയും കണ്ടു ഇരുവരും നില്ക്കുന്നു)

രാധച്ചേച്ചി: കണ്ടോ?? ഡോക്ടർ എന്തു പറഞ്ഞു?

അമ്മ: (ചിരിച്ചു കൊണ്ട്) ഹാ.. കണ്ടു. കുറെ ടെസ്റ്റ് ഒക്കെ ചെയ്യാൻ പറഞ്ഞു. ഇതെല്ലാം 2 മാസം മുൻപും ചെയ്തതാ.. ഡോക്ടർ പറയുന്നത് ഇവനു ടെൻഷനാണെന്നാ. ഇനി അതിനു ആരെങ്കിലേം കാണിക്കണം.

(തെല്ലൊരത്ഭുതത്തോടെ പരസ്പരം നോക്കുന്ന രാ.ചേട്ടനും രാ.ചേച്ചിയും)

രാ.ചേച്ചി: ഇങ്ങേർക്കും അതെന്നയാ പ്രശ്നം. മക്കളുടെ പഠിപ്പു കഴിഞ്ഞ് ജോലിയൊക്കെ ആയ ശേഷം തുടങ്ങിയതാണത്രെ. അതുവരെ ഒരു പ്രശ്നോമില്ലാരുന്നു.

അമ്മ: (ബോർഡിലേക്ക് ചൂണ്ടിക്കൊണ്ട്) ഇതിന്റെ ആരെങ്കിലുംണ്ടാവും. കാണിച്ചു നോക്കാണ്ടെങ്ങനാ.. ഇടയ്ക്കൊക്കെ വേദന സഹിക്കാനാവാതെ ഭയങ്കര കരച്ചിലാ.. അതു കാണുമ്പൊ സങ്കടം വരും!!

(അമ്മയുടെ തോളിൽ കിടക്കുന്ന കുട്ടിയെ വാത്സല്യത്തോടെ നോക്കുന്ന രാഘവൻ ചേട്ടൻ. അമ്മയുടെ മുടിയിൽ പിടിച്ച് കളിച്ചു കൊണ്ടിരുന്ന കുട്ടി ചേട്ടനെ നോക്കി പുഞ്ചിരിക്കുന്നു.)

(ബോർഡിൽ ശ്രദ്ധയോടെ കണ്ണോടിക്കുന്ന രാധച്ചേച്ചിയും കുട്ടിയുടെ അമ്മയും.
പതിയെ കാന്റീനിലേക്ക് നടന്നകലുന്ന രാഘവൻ ചേട്ടൻ)


                                                     സീൻ 3
                                                     =====
വേദി: ആശുപത്രിയിൽ നിന്ന് പുറത്തേക്കുള്ള വഴി.
കഥാപാത്രങ്ങൾ: രാഘവൻ ചേട്ടൻ, രാധച്ചേച്ചി, കുട്ടി, അമ്മ, വാഹനങ്ങൾ

(അമ്മയുടെ വിരലിൽ പിടിച്ചു കൊണ്ട് നടന്നു പോകുന്ന കുട്ടി. അല്പ്പം പിറകിലായി നടക്കുന്ന രാ.ചേട്ടനും രാ.ചേച്ചിയും. വശങ്ങളിലൂടെ വാഹനങ്ങൾ വരുന്നതു കണ്ടുകൊണ്ട് അമ്മ കുട്ടിയെ കൈ മാറ്റിപ്പിടിക്കുന്നു.)

കുട്ടി: അമ്മേ.. ഈ ടെൻഷന്നെച്ചാന്താമ്മേ?

അമ്മ: അത് മോനേ.. (അപ്പോഴേക്കും അവരെ കടന്നു പോകുന്ന ഒരു കാറിലേക്ക് കുട്ടിയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്ന അമ്മ അതു ഡോക്ടറുടെ കാർ ആയിരുന്നെന്ന് മനസ്സിലാക്കുന്നു)

അമ്മ: അ.. അത് പോയി. ആ കാർ മോൻ കണ്ടില്ലെ. അതിലുണ്ടാർന്നു.

കുട്ടി: ഡോക്ടർ പറഞ്ഞല്ലോ എനിക്കു ടെൻഷനാന്ന്. അപ്പൊ ഇനി എനിക്ക് ചോക്ളേറ്റ് തിന്നാലോല്ലേ??

അമ്മ: (കടയിൽ നിന്ന് ഒരു വലിയ ചോക്ളേറ്റ് വാങ്ങി കുട്ടിയുടെ കയ്യിൽ കൊടുക്കുന്നു.) ഇതെന്റെ മോൻ കഴിച്ചോട്ടൊ..

(കുട്ടിയുടെ മുഖത്ത് നിറയുന്ന സന്തോഷം കണ്ട് അമ്മ നിർവൃതിയടയുന്നു. ഇരുവരും ചിരിച്ചും കഥ പറഞ്ഞും നടന്നകലുന്നു)

(മുന്നിൽ നടന്നു പോകുന്ന കുട്ടിയെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് രാധച്ചേച്ചിയോട് രാഘവൻ ചേട്ടൻ)

രാഘവൻ ചേട്ടൻ: എന്നാലും ഇവനെന്തായിരിക്കും ഇത്ര വല്യ ടെൻഷൻ??

(വാക്കുകളിലെ പരിഹാസം മനസ്സിലായെന്ന വണ്ണം രാധചേച്ചി ഉറക്കെച്ചിരിക്കുന്നു. ഇരുവരും സ്ക്രീനിൽ നിന്നും നടന്നകലുന്നു)

                              *******************************************


Sunday 9 October 2011

സമർപ്പണം

ഒരു ബ്ലോഗറാകണമെന്നുള്ള, കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന അടങ്ങാത്ത ആ അഭിവാഞ്ഛയ്ക്കു മുന്നിൽ..

എഴുതാനുള്ള ആഗ്രഹമുണ്ടായിരുന്നിട്ടും ഇത്രനാളും എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്ന, സ്റ്റാർട്ടിങ്ങ് ട്രബ്ൾ എന്ന പേരിൽ ഞാൻ ഓമനിച്ചു വിളിച്ചു പോന്ന എന്റെ അലസതയ്ക്കു മുന്നിൽ..

എന്റെ ജന്മസിദ്ധമായ മടിയെ പോലും വെല്ലുവിളിച്ചു കൊണ്ട് എന്നെ ബ്ലോഗറാക്കാൻ വേണ്ടി തികച്ചും അപ്രതീക്ഷിതമായി കടന്നുവന്ന ഏകാന്ത നിമിഷങ്ങൾക്കു മുന്നിൽ..

വായിക്കുംതോറും എഴുതാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്ന അനേകായിരം ബ്ലോഗുകൾക്ക് മുന്നിൽ..

ഇതു ഞാൻ എഴുതിയാൽ വായിക്കാൻ ആരെങ്കിലും ഉണ്ടാകുമെന്ന് എനിക്ക് തോന്നിപ്പിച്ച ജീവിതാനുഭവങ്ങൾക്ക് മുന്നിൽ..

എന്തിനും ഒരു തുടക്കം കുറിക്കാൻ എനിക്ക് ഗ്രീൻ സിഗ്നൽ തരാനായി വരുന്ന, പുറത്ത് ഇപ്പോഴും പെയ്തൊഴിയാതെ നിൽക്കുന്ന മഴയ്ക്ക് മുന്നിൽ..