Monday 2 January 2012

അൽ‌പ്പം വ്യത്യസ്തമായ ഒരു ന്യൂ ഇയർ ആഘോഷം...

കുട്ടികൾ സമ്മാനിച്ച റോസാപ്പൂവ്

ഒരു വർഷം മുമ്പൊരു ക്രിസ്മസ് സീസണിൽ ആദ്യമായി അവരെ കണ്ടു തിരിച്ചു വന്ന അന്നു മുതൽ വീണ്ടും കാണാനാകുന്ന ഒരു നിമിഷത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നെന്നേയ്ക്കും ഓർമ്മിക്കാൻ എനിക്കൊരു ക്രിസ്മസ് തന്നത് അവരായിരുന്നു. അതുകൊണ്ടു തന്നെയാകണം കഴിഞ്ഞ ക്രിസ്മസിനു അവരെ കാണാൻ കഴിയാതിരുന്നതിൽ മനസ്സിലൊരു ചെറിയ വേദന അനുഭവപ്പെട്ടിരുന്നത്. എന്നിരുന്നാലും ഒരു വർഷം മുമ്പ് എന്റെ മനസ്സു നിറച്ച ആ നല്ല ഓർമ്മകളിലേക്ക് ഞാൻ ഒന്നു തിരിച്ചുപോകാൻ ശ്രമിച്ചു. ആരുടെയും മുഖം എനിക്കോർത്തെടുക്കാനായില്ലെങ്കിലും ചില പേരുകൾ ഞാൻ ഓർത്തു. അന്നവർ സമ്മാനിച്ച ഒരു ചുവന്ന റോസാപ്പൂവ് ഇന്നും ഞാൻ സൂക്ഷിച്ചെടുത്തുവെച്ചിട്ടുണ്ട്. അതെടുത്ത് നോക്കി ഓർമ്മ പുതുക്കി, അവർക്കു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ ക്രിസ്മസ് കഴിഞ്ഞുപോയി.

ഇന്നലെ , ഒരു പുതുവർഷസമ്മാനം എന്ന പോലെ വീണ്ടും അവരെ കാണാൻ എനിക്കവസരം ലഭിച്ചു. ഒന്നു കൂടെ അവിടെ പോകണം, അവരെയൊക്കെ കാണണം എന്ന എന്റെ മനസ്സിലുണ്ടായിരുന്ന ശക്തമായ ആ ആഗ്രഹത്തിന്റെ ഫലമായി തന്നെയാകണം പുതുവർഷത്തിലെ ആദ്യ ദിവസം തന്നെ എനിക്കവിടെ എത്താൻ കഴിഞ്ഞത്. വളരെ അപൂർവ്വമായി മാത്രം അവർക്കു ലഭിച്ചിരുന്ന സമ്മാനങ്ങളുമായുള്ള ഞങ്ങളുടെ വരവിൽ അവർ വളരെ സന്തോഷമുള്ളവരായി കാണപ്പെട്ടു. അവർ ഞങ്ങൾക്കു വേണ്ടി കുറേ പാട്ടുകൾ പാടി, പ്രാർത്ഥിച്ചു. അവരുടെ നേട്ടങ്ങളൊക്കെ ഞങ്ങളുമായി പങ്കുവെച്ചു.

കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇപ്രാവശ്യം അവരുടെ അംഗസംഖ്യ കൂടിയിരിക്കുന്നു. 23 പേരുണ്ടായിരുന്നത് ഇപ്പോൾ 44 ആണെന്ന് അവിടെയുള്ളവർ ഞങ്ങളെ ഓർമ്മപ്പെടുത്തി. ഞങ്ങൾ എല്ലാവരേയും നോക്കി ഞങ്ങൾക്ക് വേണ്ടി അവിടെ ഒരുക്കിയിരുന്ന കസേരകളിൽ ഇരുന്നു. ഞങ്ങൾക്കു എതിരെ നിലത്തു വിരിച്ചിട്ട പായിൽ അവരും. കുറേയൊക്കെ പരിചയമുള്ള മുഖങ്ങൾ, കഴിഞ്ഞ വട്ടം കണ്ട ഓർമ്മയുണ്ട്. എന്നാൽ ഏറെയും പുതിയ കുട്ടികൾ. കഴിഞ്ഞ വർഷം ഗിറ്റാർ വായിച്ച മിടുക്കനായ ഒരു കുട്ടിയെപറ്റി ആയിരുന്നു ഞങ്ങൾക്കറിയേണ്ടത്. ആ കുട്ടി പോയതും നാട്ടിൽ പഠിക്കുകയാണെന്നുമൊക്കെ മറ്റൊരു കുട്ടി പറഞ്ഞു. അതു പറഞ്ഞു മുഴുവനാക്കാൻ കുറച്ചു കഷ്ടപ്പെടുന്നതു പോലെയോ വാക്കുകൾ ഇടയ്ക്ക് കിട്ടാതെ വരുന്ന പോലെയോ ആ കുട്ടിയുടെ മുഖത്തു നോക്കിയിരുന്ന എനിക്കു തോന്നി. പിന്നെ ഞങ്ങൾക്കവരുമായി സംവദിക്കാനുള്ള ഊഴമായിരുന്നു.

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നിങ്ങളെന്തു ചെയ്യും എന്നു ഞങ്ങളിൽ നിന്നാരോ ചോദിച്ചപ്പോൾ അവർ ഒരേ സ്വരത്തിൽ പറഞ്ഞ ഉത്തരം എന്നെ ഞെട്ടിച്ചു. “ഞങ്ങൾ ശനിയാഴ്ചകളിൽ ഉപവാസമിരുന്ന് പ്രാർത്ഥിക്കും.“ പ്രാർത്ഥിക്കാൻ വേണ്ടിയല്ല, അവർ പട്ടിണി കിടക്കുകയാണ് എന്ന ഉറപ്പ് എനിക്കുള്ളതു കൊണ്ടായിരിക്കണം ആ ഉത്തരം കുറച്ചു നേരം എന്റെ ചെവികളിൽ മുഴങ്ങി നിന്നു. L.K.G, U.K.G എന്നീ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ പോലും എല്ലാ ശനിയാഴ്ചകളിലും പട്ടിണിയിരിക്കും എന്നെനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായി തോന്നി. അവർക്ക് ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കിട്ടിയതും എല്ലാവരും നല്ല പോലെ പഠിക്കുന്നവരാണെന്നും മറ്റു പല സർഗശേഷികളും ഉള്ളവർ അക്കൂട്ടത്തിലുണ്ടെന്നും നേരത്തെ തന്നെ അവിടെയുള്ളവർ പറഞ്ഞതോർത്ത് ഞങ്ങൾ അവരുടെ സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചു. ആർക്കൊക്കെ വലിയ ഫുട്ബോളറാകണം, പാട്ടുകാരനാകണം അല്ലെങ്കിൽ എന്തെങ്കിലും വേണം എന്ന ആഗ്രഹങ്ങളുള്ളവരുണ്ടെന്ന എന്റെ ചോദ്യത്തിനു അവർ മൌനം പാലിച്ചു. അല്ലെങ്കിലും നമ്മളെപ്പോലെ ആഗ്രഹിക്കാൻ അവർക്ക് കഴിയില്ല എന്നെനിക്കറിയാമായിരുന്നു. എങ്കിലും അവരുടെ ആവശ്യങ്ങൾ അറിയാൻ വേണ്ടിയായിരുന്നു ഞാൻ ആ ചോദ്യം അപ്പോൾ ചോദിച്ചത്. ഇതേ ചോദ്യം അവർ എന്നോട് തിരിച്ചു ചോദിക്കാതിരിക്കട്ടെ എന്നും ഞാൻ പിന്നെ കരുതി. പിന്നെ ഒരു കുട്ടിയോട് ഗിറ്റാർ പ്ലെയ് ചെയ്യാൻ ഞങ്ങളിൽ നിന്നൊരാൾ ആവശ്യപ്പെട്ടതു പ്രകാരം അതും ഭംഗിയായി അവർ ചെയ്തു.

അവർക്കു മറ്റെന്തെങ്കിലും ഞങ്ങളോട് പറയാനുണ്ടോ എന്നായിരുന്നു ഇനി അറിയേണ്ടത്. അടുത്ത കൊല്ലവും ഇതു പോലെ അവരെ കാണാൻ ഞങ്ങൾ ചെല്ലുമോ എന്നൊരു കുട്ടി ചോദിച്ചു. ഞങ്ങൾ ഒഴിവു പറയുമെന്ന് ഭയന്നിട്ടൊ എന്തോ, സമയമുണ്ടെങ്കിൽ വരണം എന്നു കൂടി അപ്പോൾ തന്നെ അവൻ കൂട്ടിച്ചേർത്തു. അധികം കുട്ടികളും സംസാരിക്കാതിരിക്കുന്നതു കൊണ്ട് ഞങ്ങൾ അവരുടെ ഇടയിൽ ചെന്നു ഓരോരുത്തരോടോ അല്ലെങ്കിൽ കുറച്ചുപേരോടൊരുമിച്ചോ വല്ലതും ചോദിച്ചാൽ അവർ കുറച്ചു കൂടി ഫ്രീയായി സംസാരിക്കുമെന്നു തോന്നി ഞങ്ങൾ അവരുടെ ഇടയിലേക്കിറങ്ങി. അപ്പോഴേക്കും എല്ലാവരും ചുറ്റും കൂടി. 2-3 ഗ്രൂപ്പുകളൊക്കെയുണ്ടായിരുന്നു. എനിക്കു ചുറ്റും ആൺകുട്ടികളുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു. എന്നെ കഴിഞ്ഞപ്രാവശ്യം കണ്ടതവർക്കോർമ്മയുണ്ടെന്ന് ചിലർ പറഞ്ഞു. പിന്നെ പലരും കുറേ ചോദ്യങ്ങൾ ചോദിച്ചു. അവരുടെ ആഗ്രഹങ്ങൾ പറഞ്ഞു. എന്റെ സ്ഥലം, ജോലി, ഇഷ്ടങ്ങൾ ഇവയൊക്കെ അന്വേഷിച്ചു. അങ്കിളിനിഷ്ടപ്പെട്ട ഫുഡ് ഏതാ എന്ന ചോദ്യത്തിനുത്തരം പറയാൻ വരെ എനിക്കൊന്നാലോചിക്കേണ്ടി വന്നു. ബിരിയാണി എന്ന് ഉത്തരം പറയാനൊരുങ്ങുമ്പോഴും എന്റെ മനസ്സിൽ ഒരേയൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.. എന്റെ ചുറ്റുമുള്ളവർ എല്ലാവരും ബിരിയാണി എന്താണെന്നറിയുന്നവരായിരിക്കണം. ഒരിക്കലെങ്കിലും അവർ അതു കഴിച്ചിട്ടുണ്ടാകണം. അവരിൽ നിന്നു തന്നെ ആരോ അപ്പോഴേക്കും പറഞ്ഞതിന്റെ കൂടെ ഞാനും ബിരിയാണി പറഞ്ഞു. ബാക്കിയുള്ളവരും അതു തന്നെ ആവർത്തിച്ചു. പിന്നെ ഏറെയും എനിക്കായിരുന്നു അവരോട് ചോദിക്കാനുണ്ടായിരുന്നത്. അവരുടെ ജീവിതരീതികളെ പറ്റിയെല്ലാം. എല്ലാവരും രാവിലെ 4:30യ്ക്ക് എഴുന്നേൽക്കുമെന്നും 5 മണി മുതൽ 6 മണി വരെ പ്രാർത്ഥിക്കുമെന്നും എല്ലാം ഞാൻ മനസ്സിലാക്കി. അപ്പോഴേക്കും ഭക്ഷണം കഴിക്കുന്ന സമയമായിട്ടുണ്ടായിരുന്നു. പിന്നെ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി വന്നു വട്ടമിട്ടിരുന്നു, ഞങ്ങൾക്ക് വിളമ്പാൻ തുടങ്ങി. 4 മുതൽ 14 വരെ വയസ്സുള്ള കുട്ടികളുണ്ടായിരുന്നതിനാൽ ഓരോരുത്തരുടെയും മുഖത്തു നോക്കിയും അവരോട് ചോദിച്ചും ഞാൻ അവരുടെ പ്ലേറ്റുകളിലേക്ക് ഭക്ഷണം വിളമ്പി. അവരുടെ അടുത്ത് ശ്രദ്ധിച്ചു കൊണ്ടു നിന്നു. അപ്പോഴേക്കും ഞങ്ങൾക്കുള്ള ഭക്ഷണം എടുത്തു വെച്ചു കഴിക്കാൻ ക്ഷണിച്ചു. പിന്നെ പതുക്കെ അവരുടെ അന്നത്തെ സ്പെഷ്യൽ നെയ്ച്ചോറും കോഴിക്കറിയും ഞങ്ങളും കഴിച്ചു. അപ്പോഴേക്കും കുട്ടികളൊക്കെ കഴിച്ചു കഴിഞ്ഞു പുറത്തേക്കോടുന്നുണ്ടായിരുന്നു.

ഭക്ഷണശേഷം പുറത്തിറങ്ങി അവരുടെ കളികളൊക്കെ കണ്ടും ഫോട്ടോസ് എടുത്തുമായി ഞങ്ങൾ സമയം ചിലവഴിച്ചു. അവരോടൊപ്പം കളിക്കാൻ നാലു പൂച്ചക്കുട്ടികളുമുണ്ടായിരുന്നു. അവയേയും എടുത്ത് അവർ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്തും എടുത്ത ഫോട്ടോസ് കാണാൻ വന്നുമായി അവർ തുടർന്നു. വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾക്ക് പോകാറായിരുന്നു. എല്ലാം കണ്ടു മനസ്സുനിറഞ്ഞ് അവസാനം ഞങ്ങൾ അവരോടെല്ലാം യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി.

=================================================================
 അവരിൽ ഏറെയും മണിപ്പൂർ നിന്നുള്ള കുട്ടികൾ. നാട്ടിൽ നിന്നാൽ തങ്ങളുടെ മക്കൾ വഴിതെറ്റിപ്പോകുമെന്ന ഭയത്താൽ മണിപ്പൂർ നിന്നും വളർത്താൻ വേണ്ടി അയച്ചിരുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. നോക്കാൻ കഴിവില്ലാത്തതു കൊണ്ട് അച്ഛനമ്മമാർ ഉപേക്ഷിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എങ്ങിനെയോ അവിടെ എത്തിപ്പെടുന്ന അനാഥരായ കുട്ടികളായിരുന്നു ബാക്കിയുള്ളവർ. പേരു പോലുമില്ലാത്ത ഒരു അഗതി മന്ദിരം. ഒരു സാധുവും അദ്ദേഹത്തിന്റെ ഭാര്യയും കൂടി നോക്കി നടത്തുന്നു. സഹായത്തിനു ചില സുഹൃത്തുക്കൾ. മറ്റു വരുമാനമൊന്നുമില്ലത്രെ. കൂട്ടുകാർ വഴിയോ അല്ലാതെയോ ആരെങ്കിലും അറിഞ്ഞുവന്നും സഹായിച്ചും ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചും അവരെല്ലാം ജീവിക്കുന്നു. ചിലപ്പോഴൊക്കെ ആഴ്ചയിൽ ഒന്നിലേറെ ദിവസം അവർ ഉപവസിക്കുന്നുണ്ടായിരിക്കും.